തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകൾ മുന്നിൽ കണ്ട് ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം ഈ വർഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് പുതുതായി വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകൾ, സീപാസ് 150 സീറ്റുകൾ, കെയ്പ് 50 സീറ്റുകൾ എന്നിങ്ങനെയാണ് വർധിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു.
2021-ൽ 7422 ബി.എസ്.സി. നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോൾ 9821 സീറ്റുകൾ ആയി വർധിപ്പിച്ചു. ജനറൽ നഴ്സിംഗിന് 100 സീറ്റുകളും വർധിപ്പിച്ചു. സർക്കാർ മേഖലയിൽ മാത്രം 8 നഴ്സിംഗ് കോളേജുകൾ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്സിംഗ് കോളേജുകൾക്കായി തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരത്തും, ആലപ്പുഴയിലും എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിംഗ് കോഴ്സ് ആരംഭിച്ചു. ട്രാൻസ്ജെന്റർ വ്യക്തികൾക്ക് നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ നഴ്സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തിൽ മലയാളി നഴ്സുമാർക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. വിദേശ രാജ്യങ്ങളിൽ നഴ്സുമാർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായി വിദേശങ്ങളിൽ വലിയ അവസരങ്ങളാണ് ലഭ്യമായതെന്ന് വീണാ ജോർജ് പറഞ്ഞു.
നാളെ ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുകയാണ്. ആതുര ശുശ്രൂഷാ രംഗത്ത് സേവനത്തിന്റെ പര്യായവും, ആധുനിക നഴ്സിംഗിന്റെ സ്ഥാപകയുമായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുന്നത്. ‘Our Nurses, Our Future The economic Power of Care’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ആരോഗ്യ മേഖലയുടെ നെടുംതൂണായ നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തതാണ്. നഴ്സിംഗ് മികവിന്റെ സമ്പന്നമായ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഫ്ലോറൻസ് നൈറ്റിംഗേലിന്, നഴ്സിംഗ് എന്നത് സേവനം മാത്രമായിരുന്നെങ്കിൽ ഇന്നത് ഒരു പ്രധാന തൊഴിൽ മേഖലയായി മാറിയിരിക്കുന്നുവെന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു യുദ്ധ മുഖത്തിൽ നിന്നാണ് ഫ്ലോറൻസ് നൈറ്റിംഗേൽ ആധുനിക നഴ്സിംഗിന് അടിത്തറ പാകിയത്. ഇന്ന് ലോകം മുഴുവൻ ജനിതകമാറ്റം സംഭവിച്ച പുതിയ രോഗാണുക്കളോടും കൊവിഡ് പോലുള്ള മഹാമാരികളോടും പോരാടുന്ന നഴ്സുമാരിലും യോദ്ധാക്കളുമുണ്ട് രക്ത സാക്ഷികളുമുണ്ട്. നിപക്കെതിരെ പോരാടിയ സിസ്റ്റർ ലിനിയും, കോവിഡിൽ പോരാടിയ സിസ്റ്റർ സരിത ഉൾപ്പെടെയുള്ളവരും ഓർമ്മയിൽ തങ്ങിനിൽക്കും. അവരുടെ ത്യാഗോജ്ജ്വല പ്രവർത്തനങ്ങൾ നഴ്സിംഗ് മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

