ന്യൂഡൽഹി: ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കി കോടതി. ഡൽഹിയിലെ റൗസ് അവന്യു കോടതിയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ വിചാരണ ആരംഭിക്കാമെന്നും കോടതി അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354(സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കൽ), 354 എ (ലൈംഗിക അതിക്രമം), 506 എന്നീ വകുപ്പുകൾ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. ഇതേ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ജൂൺ 15ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇതിനുപുറമേ 354 ഡി വകുപ്പും പോലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നു. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ബ്രിജ് ഭൂഷൺ. മണ്ഡലത്തിൽ ബ്രിജ് ഭൂഷണ് പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിനു പിറ്റേന്നാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും നടപടികൾ അഭിമുഖീകരിക്കാൻ തയാറാണെന്നും ബ്രിജ് ഭൂഷൺ വ്യക്തമാക്കി.

