പ്രഭാഷണത്തിന്റെ പേരിൽ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതം; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ പ്രഭാഷണത്തിൽ വിശദീകരണവുമായി ജോൺ ബ്രിട്ടാസ് എംപി. പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണത്തിന്റെ പേരിൽ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിസിയുടെ വിലക്ക് ലംഘിച്ച് കേരള സർവ്വകലാശാലയിൽ പ്രഭാഷണം നടത്തിയതിന് ബ്രിട്ടാസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. സംഘാടകരായ യൂണിയൻ നേതാക്കളോടും കമ്മീഷൻ വിശദീകരണം തേടിയിരുന്നു. എന്നാൽ, ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് സർവ്വകലാശാലാ രജിസ്ട്രാർ നൽകിയ റിപ്പോർട്ട്. രാഷ്ട്രീയപ്രചാരണമായിരുന്നില്ല പരിപാടിയെന്നും പാർട്ടിയുടെ കൊടിയോ ചിഹ്നമോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി പരിപാടിക്ക് അനുമതി നിഷേധിക്കാൻ വിസി ആവശ്യപ്പെട്ടിരുന്നു, എന്നാൽ ബ്രിട്ടാസ് വിലക്ക് ലംഘിച്ച് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു. ബിജെപി നൽകിയ പരാതി കൂടി കണക്കിലെടുത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയത്.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എം പി.നടത്തിയ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടിയെടുക്കേണ്ടതെന്ന് ഗവർണർ പറഞ്ഞു.