പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ദിനപത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വികസന ക്ഷേമപ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുൻപിലാണ് നമ്മൾ. കേന്ദ്ര ഗവൺമെന്റ് വിവിധ മേഖലകളിലെ മികവിന് കേരളത്തിന് കഴിഞ്ഞവർഷം മാത്രം നൽകിയത് 24 അവാർഡുകളാണ്. നീതി ആയോഗും കേന്ദ്ര സർക്കാരിന് താഴെയുള്ള വിവിധ വകുപ്പുകളും ഏജൻസികളും പുറത്തിറക്കുന്ന വിവിധ പട്ടികകളിൽ കേരളത്തിന്റെ സ്ഥാനം ഏറ്റവും മുന്നിലാണെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവൺമെന്റ് തന്നെ അംഗീകരിച്ചതാണ് കേരളത്തിന്റെ പ്രവർത്തനങ്ങളും മികച്ച പ്രകടനവും. മാനവ ശേഷി വികസന സൂചികയിൽ ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. ഇന്ത്യ മഹാരാജ്യത്തെ മറ്റൊരു സംസ്ഥാനവും ഈ സൂചികയിൽ കേരളത്തിനടുത്തെങ്ങുമില്ല. പത്രത്തിൽ മറിച്ചു പരസ്യം ചെയ്താൽ യാഥാർത്ഥ്യം മറയ്ക്കാനാകുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.