തൃശൂർ പൂരം; ആഘോഷ ചടങ്ങുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന നിയന്ത്രണം നീക്കി. ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. മാറ്റം സംബന്ധിച്ച വിവരം വനംവകുപ്പ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് അനുവദിച്ചാണ് പുതിയ ഉത്തരവ്. തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തിയിരുന്നു. പൂരം നടത്തിപ്പിന് പ്രശ്‌നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും പിന്നീട് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു.

വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്. ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.