പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടിക്കും; എം എം ഹസൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ. ക്ഷേമപെൻഷൻ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് കിറ്റ് നല്കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയിൽ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയൻ ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്. ക്ഷേമപെൻഷൻ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോൾ നൽകണം, എത്ര നൽകണം, ആർക്കു നൽകണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങൾക്ക് കിട്ടുമ്പോൾ വാങ്ങാം. കിട്ടിയില്ലെങ്കിൽ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം. റംസാൻ, വിഷു, ഈസ്റ്റർ തുടങ്ങിയ പുണ്യനാളുകളിൽപ്പോലും ജനങ്ങളെ സർക്കാർ അർധപ്പട്ടിണിയിലേക്കു തള്ളിവിട്ടു. ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെപ്പോലെ ബാക്കിയുള്ളവരും തെരുവിലിറങ്ങുന്നതു കാണാൻ കാത്തിരിക്കുന്ന മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരിയാണ് പിണറായി. പ്രായമായവർ, അംഗപരിമിതർ, വിധവകൾ തുടങ്ങി സമൂഹത്തിന്റെ കൈത്താങ്ങ് വേണ്ടവരാണ് ക്ഷേമപെൻഷൻ കൈപ്പറ്റുന്നത്. അവരെ കൈവിട്ട് കോർപറേറ്റുകളെ താലോലിക്കുന്ന അവസ്ഥയിലേക്ക് പിണറായി ഭരണം കൂപ്പുകുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

8000 രൂപ നൽകാനുള്ളപ്പോൾ 3200 രൂപ കുടിശിക നൽകിയിട്ട് പുരപ്പറത്തുകയറി നിന്നാണ് പിണറായി വിജയൻ ചെണ്ടകൊട്ടുന്നത്. ഇന്ധനസെസ്, മദ്യത്തിൽനിന്നുള്ള സെസ്, കേന്ദ്രസഹായം എന്നിവയെല്ലാം ക്ഷേമപെൻഷന്റെ പേരിലാണ് സർക്കാർ മുക്കുന്നത്. ഇതിൽ കേന്ദ്രത്തിന്റെ സഹായം പലപ്പോഴും മുടങ്ങുന്നുണ്ട്. കേരളത്തിലെ നികുതിദായകർ പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ നല്കുന്ന ഈ പണം അഴിമതിക്കും ആർഭാടത്തിനും വിനിയോഗിക്കുന്നതുകൊണ്ടാണ് ക്ഷേമപെൻഷൻ നല്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായത്. ഇതിൽ സർക്കാർ മാത്രമാണ് പ്രതിസ്ഥാനത്തെന്നും എം എം ഹസൻ കുറ്റപ്പെടുത്തി.