പാർട്ടിയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേളയെടുക്കണം; രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഉപദേശവുമായി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. പാർട്ടിയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേളയെടുക്കണമെന്നാണ് രാഹുൽ ഗാന്ധിയ്ക്ക് പ്രശാന്ത് കിഷോർ നൽകിയ ഉപദേശം. ഇതിലൂടെ മാത്രമെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വർഷത്തിലധികമായി പാർട്ടിയെ രാഹുൽ ഗാന്ധി നയിക്കുന്നു. പ്രത്യേകിച്ച് വിജയമൊന്നും പാർട്ടിയ്ക്ക് അവകാശപ്പെടാനില്ല. മറ്റൊരാളെ ചുമതല ഏൽപ്പിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

ഒരേ ജോലി കാര്യമായ വിജയമൊന്നുമില്ലാതെ 10 വർഷത്തോളം ചെയ്യുകയാണെന്ന് ധരിക്കുക. ആ ജോലിയിൽ നിന്ന് അൽപ്പകാലത്തേക്ക് ഇടവേളയെടുക്കുന്നതിൽ തെറ്റില്ല. മറ്റൊരാൾക്ക് ഒരു അഞ്ച് വർഷത്തേക്ക് ഈ ചുമതല നൽകാൻ തയ്യാറാകണം. നിങ്ങളുടെ അമ്മ ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം അൽപ്പകാലം രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധി വിട്ടുനിൽക്കുകയും 1991ൽ പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ സമ്മതം മൂളുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ലോകത്തുള്ള എല്ലാ നേതാക്കളും തങ്ങളുടെ കുറവുകൾ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണ്. അത്തരം കുറവുകൾ നികത്താൻ സദാ പരിശ്രമിക്കുന്നുണ്ട്. എന്നാൽ രാഹുലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് എല്ലാം അറിയാം. സഹായം വേണമെന്ന് സ്വയം തിരിച്ചറിയാത്തിടത്തോളം കാലം ആർക്കും നിങ്ങളെ സഹായിക്കാനാകില്ല. അദ്ദേഹം ചിന്തിക്കുന്നത് നടപ്പാക്കാൻ കെൽപ്പുള്ളയാളെ അദ്ദേഹത്തിന് ആവശ്യമാണ്. അക്കാര്യം അദ്ദേഹത്തിന് നന്നായി അറിയാമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവെച്ചിരുന്നു. തന്റെ ജോലി ചെയ്യാൻ മറ്റൊരാൾക്ക് അവസരം നൽകുമെന്നും പാർട്ടിയിൽ നിന്ന് താൻ തൽക്കാലം മാറിനിൽക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായി അദ്ദേഹം തന്നെ വീണ്ടും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു. കുടുംബപ്പേരിന്റെ പിൻബലത്തിൽ നേതാവാകുകയെന്നത് സ്വാതന്ത്ര്യാനന്തര കാലത്ത് വലിയ കാര്യമായിരുന്നു. എന്നാൽ ഇന്നത് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.