രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുന്നു; നിർമ്മലാ സീതാരാമൻ

ചെന്നൈ: രാജ്യം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഹബ്ബായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രാജ്യത്ത് പ്രതിമാസം 43.3 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും പെയ്മെന്റ് സംവിധാനം സജ്ജമാക്കാനാകുന്ന വിധത്തിലാണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ രൂപകൽപ്പന. പ്രതിമാസം 43.3 കോടി ഇടപാടുകളാണ് പ്രത്യേക നിരക്കുകൾ ഈടാക്കാതെ നടക്കുന്നതെന്ന് നിർമ്മലാ ,ീതാരാമൻ അറിയിച്ചു. പല്ലാവരത്ത് വികസിത് ഭാരത് 2047 അംബാസഡർ ക്യാമ്പസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ആഭ്യന്തര ഉപഭോഗത്തിന് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിലും മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിലും രാജ്യം മുന്നിലാണ്. ഇത്തരം പുരോഗതിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളാണ്. കൂടാതെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികൾ, സൗരോർജ്ജം, ഗ്രീൻ ഹൈഡ്രജൻ എന്നീ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് വിവിധ വ്യവസായങ്ങളെ പ്രേരിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഭാവിയിൽ പുനരുപയോഗ ഊർജ്ജ മേഖലയിലും രാജ്യത്തിന് പുരോഗതി കൈവരിക്കാനാകും. ഇതിനായി മറ്റ് രാജ്യങ്ങളുമായി കൈകോർത്തു. ബഹിരാകാശ മേഖലയിലും സ്റ്റാർട്ടപ്പുകൾ എത്തി തുടങ്ങിയിരിക്കുന്നു. അടുത്തിടെ സ്വകാര്യ നിക്ഷേപങ്ങൾക്കായി ബഹിരാകാശ മേഖല തുറന്നു കൊടുത്തിരുന്നു. ഇടക്കാല ബജറ്റിൽ ശാസ്ത്രത്തിനും ഗവേഷണത്തിനുമായി സർക്കാർ നീക്കി വച്ചത് 1 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തലെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.