കനത്ത ചൂട്; സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും വർധിച്ചു. തിങ്കളാഴ്ച്ച പീക്ക് ടൈമിലെ ആവശ്യകത 5265 മെഗാവാട്ടിൽ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്.

വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്ന് കെഎസ്ഇബി അറിയിച്ചു.