മദ്യനയ കേസ്; ആംആദ്മി നേതാക്കളെ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി: ആംആദ്മി നേതാക്കളെ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെലോട്ടിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ഡൽഹി സർക്കാരിന്റെ ആഭ്യന്തരം, ഗതാഗതം, നിയമം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് കൈലാഷ് ഗെലോട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോഴാണ് മദ്യനയ കേസിൽ കൈലാഷ് ഗെലോട്ടിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

സർക്കാരിന്റെ 2021 -22ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് ആരോപിച്ചാണ് കേസ്. കൈക്കൂലിയായി ലഭിച്ച 600 കോടിയിലധികം രൂപ ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഫണ്ട് ചെയ്യാൻ ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്നും ഇഡി ആരോപിക്കുന്നു.

ഇതുവരെ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. എഎപി എംപി സഞ്ജയ് സിംഗ്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റുള്ളവർ. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിത നേതാവുമായ കെ കവിതയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.