തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതി; തോമസ് ഐസക്കിന് താക്കീത്

തിരുവനന്തപുരം: പത്തനതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീത് നൽകി ജില്ലാ വരണാധികാരി. തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയിലാണ് തോമസ് ഐസക്കിന് താക്കീത് ലഭിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതിനാണ് താക്കീത്. ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും താക്കീതിൽ വ്യക്തമാക്കുന്നു.

യുഡിഎഫാണ് തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്. വിഷയത്തിൽ തോമസ് ഐസക്കിന്റെ വിശദീകരണവും തേടിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് താക്കീത് നൽകിയത്. കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്‌ക് വഴി തൊഴിൽദാന പദ്ധതി എന്നിവക്കെതിരെയാണ് യുഡിഎഫ് പരാതി നൽകിയിരുന്നത്.

അതേസമയം കുടുംബശ്രീ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ വിശദീകരണം. കുടുംബശ്രീയുമായുമായി പണ്ടുമുതൽക്ക് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയിൽ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇതിനിടെ ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിർദേശ പത്രിക സമർപ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് അദ്ദേഹത്തിന് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്.