ഓപൺ സര്‍വകലാശാല വിസിയുടെ രാജി അംഗീകരിച്ച് ഗവർണർ; തീരുമാനം ഉപാധികളോടെ

തിരുവനന്തപുരം: കേരള ഓപൺ സർവകലാശാലയുടെ വൈസ് ചാൻസലർ മുബാറക് പാഷയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഉപാധികളോടെയാണ് അദ്ദേഹം വൈസ് ചാൻസലറുടെ രാജി അംഗീകരിച്ചത്. ഇദ്ദേഹത്തിന്റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടർ നിലപാട് സ്വീകരിക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.

മുബാറക് പാഷയുടെ ഒഴിവിൽ വിപി ജഗദിരാജിനെ പുതിയ വിസിയായി നിയമിക്കുമെന്നും രാജ്ഭവൻ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നാലു വിസിമാർക്ക് അവരുടെ ഭാഗം പറയാൻ രാജ്ഭവനിൽ ഹിയറിംഗ് നടത്തിയത്. എന്നാൽ, അതിന് കാത്ത് നിൽക്കാതെ കഴിഞ്ഞ ദിവസം പാഷാ രാജിക്കത്ത് നൽകുകയായിരുന്നു. ഡിജിറ്റൽ വിസി സജി ഗോപിനാഥ് ഹിയറിംഗിന് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് വന്നത്. സംസ്‌കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈൻ വഴി പങ്കെടുത്തു. യുജിസി ജോയിന്റ് സെക്രട്ടറിയും യുജിസിയുടെയും ഗവർണ്ണറുടെയും സ്റ്റാൻഡിംഗ് കൗൺസിൽമാരും ഹിയറിങ്ങിൽ പങ്കാളികളായി.

യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നായിരുന്നു യുജിസി പ്രതിനിധി ഹിയറങ്ങിൽ സ്വീകരിച്ച നിലപാട്. ആദ്യ വിസി എന്ന നിലയ്ക്ക് സർക്കാറിന് നേരിട്ട് നിയമിക്കാമെന്നായിരുന്നു ഡിജിറ്റൽ വിസി വിശദമാക്കിയത്. കെടിയു വൈസ് ചാൻസലർ ഡോ രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരിൽ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണ്ണർ മറ്റ് 11 വിസിമാർക്കെതിരെ നടപടി തുടങ്ങിയത്.