ഇസ്ലാമാബാദ്: പാകിസ്താനിലെ രണ്ടാമത്തെ വലിയ നാവിക സേനാ താവളത്തിൽ തീവ്രവാദി ആക്രമണം. തുർബത്തിലെ പിഎൻഎസ് സിദ്ദിഖി നേവൽ ബേസിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോമാറ്റിക് ആയുധങ്ങളും ഗ്രനേഡുകളുമായെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്.
നാല് ഭീകരരെ വധിച്ചുവെന്നും സുരക്ഷാ സേന അറിയിച്ചു. അതേസമയം, ഏറ്റുമുട്ടലിൽ പാക് സുരക്ഷാ സേനയ്ക്ക് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആറ് ഭീകരരാണ് ആക്രമണം നടത്താൻ വേണ്ടി എത്തിയത്. ഇതിൽ നാലു പേർ കൊല്ലപ്പെട്ടു. രണ്ടു പേർ രക്ഷപ്പെട്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭീകരർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ സേന പ്രദേശം വളയുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. നാവിക താവളത്തിൽ ചൈനീസ് ഡ്രോണുകളും വിന്യസിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് രംഗത്തെത്തിയിട്ടുണ്ട്. പിഎൻഎസ് സിദ്ദിഖി നാവിക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിക്ക് പ്രധാനമായ ഗ്വാദർ തുറമുഖത്താണ്.

