മുഹമ്മദ് മുയിസു ശാഠ്യം അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തിയാൽ സാമ്പത്തിക വെല്ലുവിളി മറികടക്കാം; മാലദ്വീപ് മുൻ പ്രസിഡന്റ്

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ മുൻ പ്രസിഡന്റ് ഇബ്രാംഹിം മുഹമ്മദ് സോലിഹ്. മുഹമ്മദ് മുയിസു ‘ശാഠ്യം’ അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തിയാൽ സാമ്പത്തിക വെല്ലുവിളി മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിന് കടാശ്വാസം നൽകണമെന്ന് ഇന്ത്യയോട് മുഹമ്മദ് മുയിസു അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് സോലിഹിന്റെ പരാമർശം. മാലെയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുയിസു ഇന്ത്യയോട് കടാശ്വാസം നൽകണമെന്ന് അഭ്യർത്ഥിച്ചതായി മാദ്ധ്യമങ്ങളിൽ താൻ കണ്ടു. എന്നാൽ മാലദ്വിപീന്റെ സാമ്പത്തിക ഞെരുക്കം ഇന്ത്യയ്ക്കുള്ള വായ്പാ കുടിശ്ശിക മൂലമല്ല. ഇന്ത്യയെക്കാൾ കൂടുതൽ ചൈനയ്ക്കാണ് നൽകാനുള്ളത്. തിരിച്ചടവ് കാലയളവ് 25 വർഷമാണ്. നമ്മുടെ അയൽ രാജ്യക്കാർ നമ്മെ സഹായിക്കുമെന്ന് ഉറപ്പാണ്. ഈ ശാഠ്യം അവസാനിപ്പിച്ച് അവരുമായി ചർച്ച നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ്. എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനരാരംഭിക്കുക മാത്രമാണ് ചെയ്യുന്നത്. ആ നുണ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, 400.9 മില്യൺ ഡോളറാണ് കഴിഞ്ഞ വർഷത്തെ അവസാന കണക്കുകൾ പ്രകാരം മാലദ്വീപ് ഇന്ത്യയ്ക്ക് നൽകാനുള്ളത്. തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് മാലദ്വീപ് ഇപ്പോൾ ആവശ്യപ്പെടുന്നത്.