കൊച്ചി: ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. 94 വയസ് കഴിഞ്ഞ താൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നാലോ അഞ്ചോ ലോക്‌സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും. വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദികരിച്ചു.

