ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടീസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇത് ഒൻപതാം തവണയാണ് അരവിന്ദ് കെജ്രിവാളിന് കേസുമായി ബന്ധപ്പെട്ട് ഇഡി സമൻസ് അയച്ചത്.

മാർച്ച് 21ന് മുൻപ് ചോദ്യം ചെയ്യലിന് ഹാജാരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെടുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി അടുത്ത സമൻസ് അയച്ചത്.

ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നൽകിയെങ്കിലും കേജ്രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹർജിയിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് സമൻസ് അയച്ചിരുന്നു. തുടർന്ന് ശനിയാഴ്ച കോടതിയിൽ ഹാജരായ കേജ്രിവാളിനു ജഡ്ജി ദിവ്യ മൽഹോത്ര ജാമ്യം അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 2021 നവംബർ 17നാണു മദ്യനയം പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്.

ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. സംഭവം വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിക്കുകയും ചെയ്തു.