മദ്യ അഴിമതി; കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിത അറസ്റ്റിൽ

ന്യൂഡൽഹി: ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ അറസ്റ്റ് ചെയ്ത് ഇഡി. മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ്, ഐടി വിഭാഗങ്ങൾ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കവിതയെ കസ്റ്റഡിയിലെടുത്തത്.

കേസിൽ കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ നേരത്തേ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.

അതേസമയം, ഇഡി റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ നേതാക്കളെ ഉപദ്രവിക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നുവെന്നുമാണ് ബിആർഎസ് വക്താവ് ശ്രാവൺ ദാസോജു നേരത്തെ വ്യക്തമാക്കിയിരുന്നത്.