പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകണം; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റാണ് ഇതിനെതിരെ ഹർജി നൽകിയത്. പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് റോഡ് ഷോയ്ക്ക് അനുമതി നൽകാൻ ഉത്തരവിട്ടത്.

തിങ്കളാഴ്ച പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽ ഈ മാസം 18നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താനിരുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് റോഡ് ഷോ. കോയമ്പത്തൂർ ടൗണിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റോഡ് ഷോയ്ക്കുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നത്.