പത്മജ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിന് പങ്കുണ്ട്; ആരോപണവുമായി വി ഡി സതീശൻ

ന്യൂഡൽഹി: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്മജ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകാതെ തന്നെ ഇതുസംബന്ധിച്ച വിവരം പുറത്തു വരും. സിപിഎം നേതാക്കൾക്കായിരുന്നു പത്മജ ബിജെപിയിൽ പോയതിൽ ഏറ്റവും സന്തോഷം. കോൺഗ്രസിനെ ദുർബലമാക്കുക എന്ന ഉദ്ദേശത്തിലാണിത്. എന്നാൽ തെറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരോട് പറയാനുള്ളതെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

വരുന്ന ദിവസങ്ങളിൽ ഇതിന് മറുപടി പറയും. ആരാണ് സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്തതെന്നും കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യമാകും. ലോക്സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ല. 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും. പ്രഖ്യാപനത്തിന് ചില നടപടി ക്രമം മാത്രമേ അവസാനിക്കുന്നുള്ളു. കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന്റെ പേരിൽ പണം വാങ്ങിയെന്ന പത്മജയുടെ ആരോപണം വെറും കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.