ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കൽ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം

തിരുവനന്തപുരം: പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം. ആർടിഒമാരും ജോയിന്റ് ആർടിഒമാരും 15-നുള്ളിൽ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് നിർദ്ദേശം. 13.07 സെന്റാണ് ടെസ്റ്റിങ് ട്രാക്കിനു വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും ശുചിമുറികൾ, കുടിവെള്ളം, വാഹനപാർക്കിങ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

കുറഞ്ഞത് 50 സെന്റെങ്കിലും വേണ്ടിവരും. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം ഉത്തരവിലില്ല. പുതിയതായി സ്ഥലം കണ്ടെത്തേണ്ടി വരുന്ന സാഹചര്യത്തിൽ റവന്യു വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സഹായം തേടണമെന്നാണ് നിർദ്ദേശം. മറ്റുമാർഗമില്ലെങ്കിൽ സ്വകാര്യ ഭൂമിയും പരിഗണിക്കാം.

മോട്ടോർ വാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത് ഒമ്പതിടത്തു മാത്രമാണ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തണമെങ്കിൽ ഇതിലും മാറ്റംവരുത്തേണ്ടിവരും. ശേഷിക്കുന്ന 77 സ്ഥലങ്ങളിൽ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുന്നത്. മേയ് ഒന്നു മുതൽ പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് മന്ത്രി കെ ബി ഗണേഷ്‌കുമാർ നൽകിയിരിക്കുന്ന നിർദ്ദേശം.