തിരുവനന്തപുരം: സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 32 നദികളിൽ നിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. സാൻഡ് ഓഡിറ്റിങ്ങിലാണ് ഖനന സാധ്യത കണ്ടെത്തിയത്. ഈ വർഷം തന്നെ മണൽ വാരൽ പുനഃരാരംഭിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. 10 വർഷത്തിന് ശേഷമാണ് സർക്കാർ സർക്കാർ പുതിയ നീക്കം നടത്തുന്നത.
എട്ട് ജില്ലകളിലുള്ള 32 നദികൾ ഒന്നേമുക്കാൽ കോടി മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിങ് കണ്ടെത്തൽ. 1500 കോടിയാണ് സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം. കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഖനന സാധ്യതാ നദികളുള്ളത്. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിലും ഖനന സാധ്യത കണ്ടെത്തി. മണൽവാരൽ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികൾക്ക് ഈയാഴ്ച രൂപം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
മണൽ വാരുന്നതിന് അനുമതി ഇക്കഴിഞ്ഞ ബജറ്റിലും നൽകിയിരുന്നു. പുതിയ തീരുമാനത്തോടെ നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. എന്നാൽ, തീരുമാനം നടപ്പിലാകുന്നതോടെ പരാതികളും പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള എതിർപ്പുകളും ഉയരാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

