അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസി സമൂഹത്തിനായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മോദി. യുഎഇ ഭരണാധികാരികൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ക്ഷേത്രം നിർമ്മിച്ച തൊഴിലാളികളെ പ്രധാനമന്ത്രി സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.
ക്ഷേത്രത്തിലെ ശിലയിൽ പ്രധാനമന്ത്രി വസുദൈവ കുടുംബകം എന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ് ഹിന്ദുമന്ദിർ. മഹദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത്. മറ്റ് പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകിയിരുന്നത്. ഈ മാസം 18ന് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. സന്ദർശനത്തിനായി ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ദർശനം നടത്താം. വിദേശ സന്ദർശകരിൽ നിന്ന് ധാരാളം രജിസ്ട്രേഷനുകൾ ഉള്ളതിനാൽ പൊതുജനങ്ങൾക്ക് മാർച്ച് ഒന്നു മുതൽ ക്ഷേത്രം സന്ദർശിക്കാം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
2015ലാണ് അബുദാബിയിൽ ക്ഷേത്രനിർമാണത്തിന് സ്ഥലം വിട്ട് നൽകിയത്. ദുബായ്- അബുദാബി ഹൈവേയിൽ അബു മുറൈഖിൽ യുഎഇ പ്രസിഡണ്ട് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത് 2018 ലാണ്. യുഎഇയിലെ 7 എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴ് കൂറ്റൻ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. 32 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. ക്ഷേത്രത്തിനകത്ത് ചില രൂപങ്ങൾ കൊണ്ട് നിർമ്മിച്ച 96 തൂണുകളും ഉണ്ട്.
ക്ഷേത്രനിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ്. ഭൂകമ്പങ്ങളിൽ നിന്നും പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരാതന ഹൈന്ദവക്ഷേത്രങ്ങളുടെ മാതൃകകൾ ഉൾക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും കഥകൾ കുത്തിയ കല്ലുകൾ ഉപയോഗിച്ചിട്ടുണ്ട്.

