ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചത്. ഇക്കൂട്ടത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. നരുവാമൂട് ഇടയ്ക്കോട് ആതിരയിൽ രാഗേഷ് ഗോപകുമാറാണ് ഖത്തറിൽ നിന്നും തിരിച്ചെത്തിയത്. മോചനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുകയാണ് രാഗേഷിന്റെ കുടുംബം.
നേവിയിൽ നാവികനായിരുന്നു രാഗേഷ്. സർവ്വീസിൽ നിന്നും വിരമിച്ച ശേഷം നാല് വർഷം മുൻപാണ് അദ്ദേഹം ദോഹയിലെ സൈനിക പരിശീലന കേന്ദ്രത്തിൽ ചേർന്നത്. ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ 2022 ഓഗസ്റ്റ് 30 നാണ്‌ലാണ് രാഗേഷ് ഉൾപ്പെടെ എട്ടുപേരെ ഖത്തർ അറസ്റ്റ് ചെയ്തത്. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. ഒക്ടോബർ 29ന് ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു.
തുടർന്ന് വധശിക്ഷക്കെതിരെ ഇന്ത്യ ഖത്തർ കോടതിയിൽ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ നയതന്ത്ര ബന്ധത്തിലൂടെ നാവികരുടെ മോചനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഇന്ത്യയുടെ പ്രവർത്തനം. നാവികരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണയും നിയമസഹായവും ഇന്ത്യ ഉറപ്പു നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ 27-ന് നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചെന്ന ഖത്തർ കോടതിയുടെ വിധി പുറത്തുവന്നു. ഖത്തർ ഭരണാധികാരിയും നരേന്ദ്രമോദിയും തമ്മിലുള്ള ചർച്ചകളാണ് നാവികരുടെ മോചനം സാധ്യമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
ഖത്തറിലെ അംബാസഡറായി വിപുൽ ചുമതലയേറ്റതോടെയാണ് മോചന നടപടികൾ വേഗത്തിലായത്. ജയിലായിരുന്ന സമയത്ത് ഭാര്യയെയും മക്കളെയും കാണാൻ അവസരം ഒരുക്കി. നാല് തവണ സർക്കാർ ചെലവിൽ കുടുംബത്തെ ഖത്തറിൽ എത്തിച്ചു. ആഴ്ചയിൽ മൂന്നു ദിവസം നാട്ടിലേക്ക് ഫോൺ വിളിക്കാൻ അവസരം നൽകി. പുസ്തകങ്ങളും പലഹാരങ്ങളുമടക്കം എംബസിയിൽ നിന്ന് കൃത്യമായി എത്തിച്ചുനൽകിയെന്നും രാഗേഷ് പറയുന്നു.
ഇനി ഒരിടത്തേയ്ക്കും വിടില്ലെന്നാണ് രാഗേഷിന്റെ ഭാര്യ ചിത്ര പറയുന്നത്. തനിക്കും അത് തന്നെയാണ് തോന്നുന്നതെന്നാണ് രാഗേഷിന്റെയും പ്രതികരണം. കുടുംബത്തിനൊപ്പമിരുന്ന് വീണ്ടും ആഹാരം കഴിക്കാനാവുമെന്ന് കരുതിയതല്ലെന്നും രാഗേഷ് കൂട്ടിച്ചേർത്തു.

