കണ്ണൂർ: പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ്സിന് വെല്ലുവിളി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൂരിലെ സ്ഥാനാർഥിയെ കണ്ടെത്തൽ കീറാമുട്ടിയായതോടെ കെ സുധാകരൻ വീണ്ടും മത്സരിക്കട്ടെയെന്ന അഭിപ്രായം കോൺഗ്രസിൽ സജീവമായിരരിക്കുകയാണ്. അര ഡസനോളം പേർ സ്ഥാനാർഥിത്വത്തിൽ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചർച്ച സുധാകരനിലേക്ക് എത്തിനിൽക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സുധാകരനല്ലാതെ മറ്റൊരാൾക്ക് ജയിച്ചുകയറുക എളുപ്പമല്ലെന്ന് ചിന്തിക്കുന്ന ഏറെ പേർ കോൺഗ്രസിലുണ്ട്. ലോക്സഭാംഗത്വം ഇല്ലാതാകുന്നതോടെ കെപിസിസി പ്രസിഡന്റിനെതിരായ നിലവിലെ രാഷ്ട്രീയപ്രേരിതമായ കേസുകളിലെല്ലാം പ്രിവിലേജ് നഷ്ടമാകും എന്ന് മുന്നിൽ കാണുന്നവരുമുണ്ട്. ഈ കാരണങ്ങളാലാണ് കെ സുധാകരൻ തന്നെ തുടരട്ടെയെന്ന വാദം ചിലർ ശക്തമായി മുന്നോട്ടുവെയ്ക്കുന്നത്.

