അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് സദസ് മോദിയെ വരവേറ്റത്. അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്.
താനിവിടെ എത്തിയത് ജന്മനാടിന്റെ മണ്ണിന്റെ മധുരവും സുഗന്ധവുമായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളമടക്കം നാല് തെന്നിന്ത്യൻ ഭാഷകളിലാണ് മോദി പ്രസംഗിച്ചത്. ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്റെ മധുരവും സുഗന്ധവുമായാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-യുഎഇ സൗഹൃദം നീളാൽ വാഴട്ടെയെന്നും അദ്ദേഹം അറിയിച്ചു. യുഎഇ പ്രസിഡന്റിനെ സഹോദരൻ എന്നാണ് മോദി വിശേഷിപ്പിച്ചത്. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയിൽ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തിൽ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ തന്നെ ആദരിച്ചു. ഇത് തനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യുഎഇ ദൃഢബന്ധം വ്യക്തമാണ്. പ്രവാസികളെയോർത്ത് രാജ്യം അഭിമാനിക്കുന്നു. അബുദാബിയിൽ നിങ്ങൾ പുതിയ ചരിത്രം രചിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

