കടമെടുപ്പ് പരിധി; കേന്ദ്രവുമായി ചർച്ച നടത്തുന്നതിനായി സമിതി രൂപീകരിച്ച് കേരള സർക്കാർ

തിരുവനന്തപുരം: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്തുന്നതിനായി സമിതി രൂപീകരിച്ച് കേരള സർക്കാർ. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. നാളെ തന്നെ സമിതി അംഗങ്ങൾ ഡൽഹിയിലെത്തി. കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് ചർച്ചയക്കായി കേരളം സമിതി രൂപവത്കരിച്ചത്.

ധനമന്ത്രി കെ എൻ ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക വിഷയത്തിൽ കേരള, കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ചർച്ചയ്ക്കു തയാറാണെന്നായിരുന്നു കേരളവും കേന്ദ്രവും നൽകിയ മറുപടി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചർച്ച നടത്തട്ടെയെന്നായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയത്.

വിഷയത്തിൽ ചർച്ച നടത്തുകയാണെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിൽ എത്തുമെന്നാണ് കേരളം അറിയിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെയാണ് കേരള സർക്കാർ ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നത്.