ന്യൂഡൽഹി: ഇന്ത്യൻ നിർമിത മൊബൈൽ അധിഷ്ടിത പണമിടപാട് സേവനമായ യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേയ്സ് ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച സംവിധാനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിംഗ് ആരംഭിച്ചത്. മൗറീഷ്യസിൽ റുപേ കാർഡ് സേവനത്തിനും തുടക്കമിട്ടു.
യുപിഐ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഭാരതീയർക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താവുന്നതാണ്. മൗറീഷ്യസിലെ ബാങ്കുകൾ റുപേ കാർഡുകൾ വിതരണം ചെയ്യും. അവ ഇന്ത്യയിലും മൗറീഷ്യസിലും ഉപയോഗിക്കാൻ കഴിയും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പ്രശംസിച്ചു. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും സാംസ്‌കാരികമായും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ രണ്ട് രാജ്യങ്ങൾക്കിടയിലും പണമിടപാടുകൾ നടക്കുന്നു. അക്കാലത്ത് സെൻട്രൽ ബാങ്കുകൾ ഇല്ലായിരുന്നു. ഇന്ന് യുപിഎ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ നിരവധി വിനോദസഞ്ചാരികൾ ശ്രീലങ്ക സന്ദർശിക്കാനെത്തും. ഇത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

