സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ; ബഡ്‌ജറ്റ് പ്രഖ്യാപനം പുനഃപരിശോധിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: കേരളത്തിൽ വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ഇളവുകളും ആനുകൂല്യങ്ങളും നൽകുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം വിവാദമായതിന് പിന്നാലെ പുനഃപരിശോധനയ്‌ക്കൊരുങ്ങി സിപിഎം. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം വിഷയം വിശദമായി ചർച്ച ചെയ്യാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് സിപിഎമ്മിൽ ധാരണയായിട്ടുണ്ട്.

കേരളത്തിൽ വിദേശ സർവകലാശാലകളെ എത്തിക്കുന്നതിൽ സിപിഐ അതൃപ്തി അറിയിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിക്കുകയും ചെയ്തിരുന്നു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടതുനയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സിപിഐ. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം പുനഃപരിശോധിക്കാമെന്ന ധാരണയിലേയ്ക്ക് സിപിഎം എത്തിയതെന്നാണ് വിവരം.

വിദേശ സർവകലാശാലകളെയും സ്വകാര്യ സർലകലാശാലകളെയും പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു ബഡ്ജറ്റിൽ നടത്തിയ പ്രഖ്യാപനം. വിദേശ സർവകലാശാലകൾക്ക് സ്റ്റാമ്പ്, ട്രാൻസ്ഫർ, രജിസ്‌ട്രേഷൻ ഡ്യൂട്ടിയിളവും വൈദ്യുതി, വെള്ളക്കരത്തിൽ സബ്‌സിഡിയും നികുതിയിളവും സഹിതം ഏകജാലക ക്ലിയറൻസ് നൽകുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി അറിയിച്ചിരുന്നു.