ന്യൂഡൽഹി: ഹരിയാന, ഡൽഹി അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ചു. കർഷകർ ചൊവ്വാഴ്ച നടത്തുന്ന ഡൽഹി മാർച്ചിനെ നേരിടാൻ വേണ്ടിയാണ് ഹരിയാന, ഡൽഹി അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വേണ്ടിയാണ് അതിർത്തികൾ അടച്ചത്.
ഇരുന്നൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പ്രതിഷേധം നടത്തിയത്. രണ്ട് വർഷം മുൻപ് നടന്ന കർഷക സമരത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഹരിയാന ഡൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കും വച്ച് അടച്ചു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തന്നെ പഞ്ചാബിൽ നിന്ന് കർഷകർ ട്രാക്ടർ മാർച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കും.

