പൂനെ: പാർട്ടിയുടെ പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി എൻസിപി സ്ഥാപക നേതാക്കളിൽ ഒരാളായ ശരദ് പവാർ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സ്ഥാപിച്ചവരിൽ നിന്നും പേരും ചിഹ്നവും തട്ടിപ്പറിച്ചു. ഇത് ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പ്രത്യയശാസ്ത്രവും നയപരിപാടിയുമാണ് ജനങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിഹ്നം കുറച്ചുകാലത്തേക്ക് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. കമ്മീഷൻ ചിഹ്നം തട്ടിപ്പറിക്കുകമാത്രമല്ല, അത് മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്തു. കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂലൈ മാസമാണ് ശരദ് പവാറിനോട് കലഹിച്ച് അജിത് പവാർ പാർട്ടി വിട്ടതും ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാരിന്റെ ഭാഗമായതും. ഇതേത്തുടർന്ന് പാർട്ടി എം.എൽ.എമാരുടെ പിന്തുണയടക്കം കണക്കിലെടുത്ത് അജിത് പവാർ പക്ഷത്തിന് പേരും ചിഹ്നവും നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നു. യഥാർഥ എൻ.സി.പി. അജിത് പവാർ വിഭാഗമാണെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു കമ്മീഷന്റെ നടപടി.

