കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമത്തിൽ കമന്റിട്ട അധ്യാപികയുടെ മൊഴിയടുത്ത് പോലീസ്. കോഴിക്കോട് എൻ.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയാണ് കുന്ദമംഗലം പോലീസ് രേഖപ്പെടുത്തിയത്. ഷൈജയുടെ ചാത്തമംഗലത്തെ വീട്ടിലെത്തിയാണ് കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിൽ പോലീസ് മൊഴിയെടുത്തത്. നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാണമെന്നും ഷൈജയ്്ക്ക് പോലീസ് നിർദ്ദേശം നൽകി.
മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയാണ് ഷൈജ കമന്റിട്ടത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ആദ്യം ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിക്കുകയും ചെയ്തു. സംഭവത്തിൽ എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. തുടർന്ന് അധ്യാപിക അവധിയെടുത്ത് ഒളിവിൽപ്പോയിരുന്നു.
കഴിഞ്ഞദിവസം പ്രൊഫസർ ഷൈജ ആണ്ടവൻ കാംപസിൽ എത്താത്തതിനെത്തുടർന്ന് മൊഴിയെടുക്കാൻ ഹാജരാകാനാവശ്യപ്പെട്ടുള്ള നോട്ടീസ് പോലീസിന് കൈമാറാനാൻ കഴിഞ്ഞിരുന്നില്ല. ഫോണിൽ ബന്ധപ്പെടാനും പോലീസിന് സാധിച്ചില്ല. വിദ്യാർഥി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഇവർ അവധി നീട്ടിയതായി സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി അവധി അപേക്ഷ നൽകിയിട്ടില്ലെന്ന് എൻ.ഐ.ടി. അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് പോലീസ് ഷൈജയുടെ വീട്ടിലേക്ക് എത്തിയത്.
പ്രൊഫസർക്കെതിരായ പരാതികൾ അന്വേഷിക്കുന്നതിന് എൻ.ഐ.ടി. സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷൈലക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. മഹാത്മ ഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും എൻ.ഐ.ടി. അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ വിശദമാക്കി.

