2024 ഡിസംബറോടെ ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ നിലവിൽ വരും: നിതിൻ ഗഡ്കരി

തിരുവനന്തപുരം: 2024 ഡിസംബർ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാത്തിരിക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെ അംഗം ദയാനിധി മാരന്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സഭയ്ക്ക് ഇക്കാര്യത്തിൽ താൻ ആത്മവിശ്വാസം നൽകുകയാണ്. ഡിസംബർ മാസം മുതൽക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങും. നിലവിൽ ഈ നഗരങ്ങൾക്കിടയിലെ യാത്രയ്ക്ക് നാല് മുതൽ അഞ്ചുവരെ മണിക്കൂർ സമയമെടുക്കും. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട് 38 കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. ഈ എക്‌സ്പ്രസ് വേയിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

പദ്ധതിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാൻ തമിഴ്‌നാട് സർക്കാർ കുറെക്കൂടി സഹകരിക്കണം. താൻ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. പക്ഷെ, അസംസ്‌കൃത വസ്തുക്കൾ ലഭിക്കാതെ എങ്ങനെ മുമ്പോട്ട് പോകാനാകുമെന്ന് മന്ത്രി ചോദിക്കുന്നു.