ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വച്ചു. യുപിഎ-എൻഡിഎ സർക്കാരുകളുടെ പത്ത് വർഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുകളുള്ള ധവളപത്രമാണ് നിർമ്മലാ സീതാരാമൻ ലോക്സഭയിൽ വച്ചത്. ഇന്ന് ലോക്സഭയിൽ ഈ ധവളപത്രത്തിന്മേലുള്ള വിശദമായ ചർച്ച നടക്കും. യുപിഎ സർക്കാരിന്റെ കാലത്തും എൻഡിഎ സർക്കാരിന്റെ കാലത്തും പണം എങ്ങനെയൊക്കെയാണ് വിനിയോഗിക്കപ്പെട്ടത്, നയം എങ്ങനെയായിരിക്കും, സുതാര്യത എത്രത്തോളമായിരുന്നു എന്നെല്ലാം താരതമ്യം ചെയ്യുന്ന ധവളപത്രമാണ് സഭയിൽ വച്ചിരിക്കുന്നത്.
ധവളപത്രത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014ൽ ഭരണത്തിലേറുമ്പോൾ രാജ്യത്തെ സമ്പദ് ഘടന പ്രതിസന്ധിയിലായിരുന്നെന്ന വാദമാണ് ധവളപത്രത്തിലൂടെ കേന്ദ്രം മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുന്നത്. യുപിഎ സർക്കാരിന്റെ അഴിമതിയും തെറ്റായ സാമ്പത്തിക നയങ്ങളുമാണെന്നാണ് ഇതിന് കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നു.
ഒരു രൂപയുടെ വിനിമയത്തിൽ 60 പൈസയിൽ താഴെ മാത്രം മൂല്യത്തിന്റെ പ്രയോജനമേ സാധാരണക്കാർക്ക് ലഭിച്ചിരുന്നുള്ളൂ എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ധവള പത്രത്തിലുള്ളത്.

