കൊച്ചി: പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പിവിആർ നാച്വറാ പാർക്കിന് അനുമതി നൽകിയതിൽ ഹൈക്കോടതി വിശദീകരണം തേടി. അൻവറിന്റെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്ന് വ്യക്തമാക്കി കൂടരഞ്ഞി പഞ്ചായത്ത് സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയതെന്ന് പി വി അൻവറും വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പാർക്കിന്റെ പ്രവർത്തനത്തിനെതിരെ കോടതിയെ സമീപിച്ചത് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി വി രാജനാണ്.
ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തിൽ അടച്ചതിനെത്തുടർന്നാണ് ബുധനാഴ്ച പാർക്കിന് പഞ്ചായത്ത് അനുമതി നൽകിയത്. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്നാണ് പഞ്ചായത്ത് കോടതിയിൽ വിശദമാക്കിയിരിക്കുന്നത്.
ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചതിനെതിരേ കഴിഞ്ഞദിവസം ഹെക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ലൈസൻസിന് നൽകിയ അനുബന്ധ രേഖകളിൽ പിഴവുള്ളതിനെത്തുടർന്നാണ് ലൈസൻസ് നൽകാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ അറിയിച്ചത്.

