തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വകുപ്പുകൾക്ക് ആവശ്യമായ വിഹിതം അനുവദിക്കാത്തതിൽ അതൃപ്തിയുമായി സിപിഐയിലെ മന്ത്രിമാർ. മന്ത്രി ജി ആർ അനിൽ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. വകുപ്പുകൾക്ക് ആവശ്യമായ വിഹിതം ലഭിച്ചില്ലെന്ന കാര്യം സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിക്കുമെന്നാണ് വിവരം.
സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലുമാണ് മന്ത്രി ജി ആർ അനിൽ പ്രതിഷേധം അറിയിച്ചത്. തുക വകയിരുത്താത്തതിലെ അതൃപ്തി ധനമന്ത്രിയെ അറിയിച്ച് ഭക്ഷ്യമന്ത്രി കത്തുനൽകുകയും ചെയ്തു. ബജറ്റ് പ്രസംഗത്തിന്റെ തലക്കെട്ടുകളിൽ പോലും വകുപ്പിനെ ഉൾപ്പെടുത്തിയില്ലെന്നാണ് വിമർശനം. മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും അതൃപ്തി അറിയിച്ച് രംഗത്തെത്തി.

