മുസ്ലിം ലീഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് നൽകില്ല; നേതാക്കളെ അറിയിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മുസ്ലിം ലീഗിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. സീറ്റ് വിട്ടുതരാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ അറിയിച്ചു. ഇക്കാര്യം നേതാക്കളെ കോൺഗ്രസ് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം സീറ്റ് നൽകാൻ ധാരണയായി. സീറ്റുകളുടെ കാര്യത്തിൽ ഒന്നിച്ചുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇത്തവണ പറയുന്ന പോലെയല്ലെന്നും, നിർബന്ധമായും മൂന്നാം സീറ്റ് വേണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മൂന്നു സീറ്റിന് അർഹതയുണ്ടെങ്കിലും രണ്ടിൽ തൃപ്തിപ്പെടണമെന്ന് രാഷ്ട്രീയ സാഹചര്യങ്ങൾ നിരത്തിയാണ് കോൺഗ്രസ് ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തിയത്.

കോർ കമ്മിറ്റിയിൽ ചർച്ചചെയ്‌തേ തീരുമാനം പറയാനാകൂവെന്ന് ലീഗ് അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി പതിനാലിന് യുഡിഎഫ് വീണ്ടും യോഗം ചേരും. അടുത്തയാഴ്ച കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കൊല്ലത്ത് ആർഎസ്പിക്ക് വേണ്ടി എൻകെ പ്രേമചന്ദ്രൻ വീണ്ടും മൽസരിക്കും. അതേസമയം, കോൺഗ്രസിൻറെ പതിമൂന്ന് സിറ്റിങ് എംപിമാരോടും അതാത് മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാനാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്.