തിരുവനന്തപുരം: സംസ്ഥാനത്ത് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ മദ്യപന്മാർക്ക് തിരിച്ചടി. മദ്യവില ഇത്തവണയും ഉയർത്തി. അടുത്ത സാമ്പത്തിക വർഷമാണ് വർദ്ധനവ് നടപ്പിലാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വർധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് ഉയർത്തിയത്.
ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കും. അതേസമയം, ക്ഷേമപെൻഷൻ ഉയർത്തില്ലെന്നും ധനമന്ത്രി അഖിയിച്ചു. കുടിശിക ഇനത്തിൽ കൊടുത്ത് തീർക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വർഷം മുതൽ കൊടുത്തു തീർക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി.
മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി നടപ്പാക്കും. ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും. ആറ് ഗഡുവാണ് നിലവിൽ കുടിശിക. കോടതി ഫീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പങ്കാളിത്ത പെൻഷൻ സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരിൽ വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ തുടർപരിശോധനക്കായി മൂന്നംഗ കമ്മിറ്റി നിയോഗിച്ചു. പങ്കാളിത്ത പെൻഷൻ വഴി കേന്ദ്ര സർക്കാറിന് നൽകിയ വിഹിതം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികളെ കുറിച്ച് സംസ്ഥാനത്ത് പുതിയ സ്‌കീം നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

