തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിലും സർവ്വകലാശാലകളിലും ഗുണനിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയാണ് സ്വകാര്യ സർവകലാശാലകളിലേക്ക് നീങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മത്സരാധിഷ്ഠിതമായ സംവിധാനത്തിൽ അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. നിയമസഭയിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ആഗോളവൽക്കരണത്തിന്റെ യുഗത്തിൽ നവ ലിബറൽ സാമ്പത്തിക നയങ്ങൾ മുന്നോട്ടുപോകുമ്പോൾ മറ്റ് സ്ഥാപനങ്ങളോട് മത്സരിക്കേണ്ടി വരുന്നുണ്ട്. മത്സരാധിഷ്ഠിതമായ സംവിധാനത്തിൽ അക്കാദമി ഗുണമേന്മ വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ആർ ബിന്ദു ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എതിർത്ത ഇടതുപക്ഷം ഇന്ന് സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ പോകുന്നുവെന്നും അതിലെ വ്യത്യാസം ചൂണ്ടിക്കാട്ടി യുഎ ലത്തീഫ് എംഎൽഎ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിന് മറുപടി നൽകവേയായിരുന്നു മന്ത്രിയുടെ പരാമർശം.
അതേസമയം, ക്യാമ്പസ് വ്യവസായ സംരംഭങ്ങളിലൂടെ പോളിടെക്നിക് വിദ്യാർത്ഥികൾ 59.20 ലക്ഷം രൂപ വരുമാനം നേടിയെന്നും മന്ത്രി വെളിപ്പെടുത്തി. പഠനത്തിനൊപ്പം തൊഴിൽ പരിശീലനം നൽകുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ ഇ-ഓട്ടോ, എൽ ഇ ഡി വാൾ, മാലിന്യ പ്ലാന്റുകൾ, ലിഥിയം ബാറ്ററി, ഫ്രീ ഫാബ് എന്നിവയുടെ നിർമ്മാണത്തിൽ ഉൾപ്പെടെ വിദ്യാർത്ഥികൾ പങ്കാളികളാണെന്നും നാലുവർഷം ബിരുദത്തിന്റെ ഭാഗമായി ആർട്സ് കോളേജുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

