കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇഡി ആവശ്യം തള്ളി

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത് 2021 ഒക്ടോബറിലാണ്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. ജി. പ്രകാശ്, എം.എൽ. ജിഷ്ണു എന്നിവരാണ് ബിനീഷിനുവേണ്ടി ഹാജരായത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഇവർ കോടതിയിൽ വിശദീകരിച്ചു.

ബിനീഷിന് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സ്റ്റേക്കെതിരേ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.