കേരളത്തിന്റെ ആവശ്യങ്ങളെ ശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രബജറ്റിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല. 2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി – പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ യാഥാർത്ഥ്യങ്ങൾ വിസ്മരിച്ച് കോർപറേറ്റ് താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിർമ്മല സിതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രതികരണം. കേരളത്തെ സംബന്ധിച്ചടുത്തോളവും ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ തയാറാകാത്തത് ജനങ്ങളോടുള്ള ബിജെപി സർക്കാരിന്റെ വെല്ലുവിളിയാണ്. ‘നാരി ശക്തി’ എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാൻ തയാറായിട്ടില്ല. രാജ്യത്ത് തൊഴിലായ്മ കുതിച്ചുയരുമ്‌ബോഴും തൊഴിൽ നൽകുന്നതിന് വേണ്ടിയുള്ള കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. ക്യാപിറ്റൽ എക്‌സ്‌പെന്റിച്ചർ കൂടുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന സ്ഥിരം പല്ലവിയാണ് ഈ ബജറ്റിലുമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷക സമൂഹത്തിനോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സമൂഹിക സുരക്ഷാ പെൻഷൻ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വർധനവില്ല. പാവങ്ങളോട് ഒട്ടും അനുതാപമില്ലാത്ത ബജറ്റ് കോർപ്പറേറ്റുകളോട് അമിത വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് അടുത്ത പൊതുബജറ്റും ഞങ്ങൾ തന്നെ അവതരിപ്പിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.