2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പാണ് ഈ ബജറ്റ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബജറ്റിൽ പ്രതിഫലിക്കുന്നത് യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങളാണ്. ഈ ദിശയിൽ രണ്ടു പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് രൂപീകരിക്കുക, സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് വർധിപ്പിക്കുക എന്നിവയാണ് അവ. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തും. റൂഫ്ടോപ് സോളർ പദ്ധതി ഒരു കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭിക്കാൻ മാത്രമല്ല, മിച്ചമുള്ള വൈദ്യുതി സർക്കാരിന് വിറ്റ് പ്രതിവർഷം 15,000 രൂപ മുതൽ 20,000 രൂപ വരെ അധിക വരുമാനം നേടാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

40,000 റെയിൽവേ കോച്ചുകൾ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്താനുള്ള തീരുമാനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതു വിവിധ റെയിൽവേ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാർക്ക് സുഖകരമായ യാത്ര ആസ്വദിക്കാൻ ഇടയാക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമ്മിച്ചെന്നും ഇനി രണ്ടു കോടി കൂടി നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.