കുടിശ്ശികയായ കേന്ദ്ര വിഹിതം തരണം; കേന്ദ്രത്തിനെതിരെ സമര പ്രഖ്യാപനവുമായി മമത

കൊൽക്കത്ത: കുടിശ്ശികയായ കേന്ദ്ര വിഹിതം തരണമെന്ന് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ചോപ്രയിൽ നടത്തിയ പദയാത്രയിലാണ് മമത ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒന്നരകിലോമീറ്റർ നീളുന്ന പദയാത്രയാണ് മമത നടത്തിയത്.

ഏഴ് ദിവസത്തിനുള്ളിൽ കുടിശ്ശികയായ വിഹിതം തന്നില്ലെങ്കിൽ സമരം തുടങ്ങുമെന്നാണ് മമത അറിയിച്ചിട്ടുള്ളത്. ബംഗാൾ സർക്കാർ പറയുന്നത് വിവിധ പദ്ധതികളിൽ നിന്നായി സംസ്ഥാനത്തിന് 18,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ്. പ്രധാനമന്ത്രി ആവാസ് യോജനയിൽ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയിൽ 6,900 കോടിയും കേന്ദ്രം നൽകാനുണ്ടെന്നാണ് മമത ബാനർജി സർക്കാർ ആരോപിക്കുന്നത്.