56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന്; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കും. 15 സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഫെബ്രുവരി 27 ന് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദേശിക പത്രിക നൽകാനുള്ള അവസാന തീയ്യതി ഫെബ്രുവരി 15 ആണ്. 13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ ഏപ്രിൽ മൂന്നിന് വിരമിക്കുകയും ചെയ്യും. ഇങ്ങനെ ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക.