50 കോടി രൂപയുടെ ക്രിപ്‌റ്റോ തട്ടിപ്പ്; വിദേശത്തേക്കു കടന്ന പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കി എൻഐഎ

തൃശ്ശൂർ: 50 കോടി രൂപയുടെ ക്രിപ്‌റ്റോ തട്ടിപ്പ് നടത്തി അന്വേഷണ ഏജൻസികളെ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. മലപ്പുറം പൂക്കോട്ടുംപാടം പോലീസ് 2020 സെപ്റ്റംബർ 28-ന് കേസ് രജിസ്റ്റർ ചെയ്ത് പിടികൂടാനിരുന്ന നിഷാദാണ് വിദേശത്തേക്കു കടന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി സഹോദരനിൽ നിന്ന് എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചു.

അന്വേഷണ സംഘം ഇയാളുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിക്കാനിരിക്കെയാണ് ഇയാൾ നാടുവിട്ടത്. തൃശ്ശൂരിലെ ഒരു ഹോട്ടലിൽ ഇയാൾക്ക് വിദേശത്തേക്ക് കടക്കാനുള്ള സഹായങ്ങൾ ചെയ്യാനായി ചിലർ ഒത്തുചേർന്നതായി വിവരം ലഭിച്ചിരുന്നു. പ്രതിയുടെ സഹോദരനാണ് ഈ വിവരം നൽകിയത്. എന്നാൽ, വിദേശത്തേക്കു കടന്ന പ്രതി പിന്നീട് സഹോദരനുമായി ബന്ധപ്പെട്ടിട്ടില്ല.

പ്രതിയെ സഹായിക്കാനായി തൃശ്ശൂരിലെ ആഡംബര ഹോട്ടലിൽ ചേർന്ന രഹസ്യയോഗത്തിലെ പ്രമുഖൻ സിപിഎമ്മിന്റെ യുവനേതാവായിരുന്നെന്നാണ് കണ്ടെത്തൽ. നേതാവുമായി അടുപ്പമുള്ള ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ ഇടപെട്ട് പാസ്പോർട്ട് തിരികെ നൽകുകയും ലുക്ക് ഔട്ട് നോട്ടീസ് വൈകിപ്പിക്കുകയും ചെയ്തു. മോൺസൻ കേസിൽ പ്രതിക്കൂട്ടിലുള്ള വ്യക്തിയാണ് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ. ഇതിനായി ഇരുവരും വൻ തുക കൈപ്പറ്റിയെന്നും വിവരമുണ്ട്. ഇതിന്റെ ഇടനിലക്കാരും പണം വാങ്ങിയെന്നാണ് വിവരം.