ടാറിംഗ് കഴിഞ്ഞയുടൻ റോഡ് തകർന്നു; PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി

തിരുവനന്തപുരം: കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകർന്ന സംഭവത്തിൽ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി. പൊതുമരാമത്ത് മന്ത്രി മന്ത്രി റിയാസാണ് വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്. അസിസ്റ്റന്റ് എൻജിനീയറെയും ഓവർസീയറെയും സ്ഥലം മാറ്റാനാണ് തീരുമാനം. ടാറിംഗ് കഴിഞ്ഞയുടൻ റോഡ് തകർന്ന സംഭവവുമായി ബന്ധപ്പെട്ടാണ് വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്. കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് നിർദ്ദേശം. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടൻ റോഡ് തകരാൻ കാരണമെന്നായിരുന്നു വിജിലൻസ് നൽകിയ റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിച്ചത്.