മാലദ്വീപ് വിഷയം; പ്രായോഗികമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലദ്വീപിലെ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇരുകൂട്ടർക്കും അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുകൂട്ടർക്കും പ്രയോജനകരമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനമെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയത്.

കോർ ഗ്രൂപ്പ് യോഗം ജനുവരി 14-ന് നടന്നിരുന്നു. രണ്ടാം കോർ ഗ്രൂപ്പ് യോഗം നടക്കാനിരിക്കുകയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ചർച്ചകൾ എന്തു ഫലമുണ്ടാക്കുമെന്ന കാര്യം മുൻകൂട്ടി പറയാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാർച്ച് 15 നു മുൻപ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദീപ് മന്ത്രി നടത്തിയ അപകീർത്തി പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി മാലദ്വീപ് അഭ്യർത്ഥിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാലദ്വീപ് മുൻ ഗവൺമെന്റുകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തുടർന്നു വന്നത്. സമുദ്ര സുരക്ഷയ്ക്കും ദുരന്തനിവാരണ സഹായത്തിനും വേണ്ടിയായിരുന്നു മാലദ്വീപ് ഇന്ത്യൻ സൈനിക സഹായം തേടിയിരുന്നത്.