ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം. ഇനിമുതൽ രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ ഡോക്ടർമാരോട് കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ മരുന്നുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുക  എന്നതാണ് ലക്ഷ്യം. അത്രയും ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്കുകൾ  നിർദേശിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രോഗികൾ, എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന്  മനസ്സിലാക്കണം. ആന്റിബയോട്ടിക്കുകൾ  ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 2024-ൽ  ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം പൂർണമായും നിർത്തലാക്കുകയെന്നതാണ് ലക്ഷ്യം. അതുപോലെ മരുന്നുകടകളിൽ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ അമൃത് എന്ന പദ്ധതിയുടെ ഭാഗമായി  പരിശോധനയും  കർശനമാക്കിയിട്ടുണ്ട്.