തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി അദ്ദേഹം വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചു. തന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയ പ്രധാമന്ത്രിയ്ക്ക് സുരേഷ് ഗോപി സ്വർണത്തളിക സമ്മാനിച്ചു. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് സ്വർണത്തളിക നിർമിച്ചത്.
പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നതിനു മുന്നോടിയായി എസ്പിജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തത്. താമര മൊട്ടുകൾ കൊണ്ട് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തി. കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
അതേസമയം, പ്രധാനമന്ത്രിയ്ക്ക് ഗുരുവായൂർ ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശില്പവും ചുമർചിത്രവും സമ്മാനിച്ചു. തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ശ്രീ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ്. കൂടെ സഹായിയായി നവീനും ചേർന്നു..19 ഇഞ്ച് ഉയരമുണ്ട്. നാലര ദിവസം കൊണ്ട് ശില്പം പൂർത്തിയായി. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ ദേവസ്വം സമ്മാനിച്ച ശിൽപം നിർമ്മിച്ചതും നന്ദനായിരുന്നു. പ്രധാനമന്ത്രിക്ക് നൽകുന്ന ചുമർചിത്രം ഒരുക്കിയത് ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. പ്രിൻസിപ്പാൾ കെ യു കൃഷ്ണ കുമാറും ചീഫ് ഇൻസ്ട്രക്ടർ എം.നളിൻ ബാബുവും മേൽനോട്ടം വഹിച്ചു. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. എഴുപത് സെ.മീ. നീളവും 55 സെ.മീ. വീതിയുമുള്ള ചിത്രം പ്രത്യേകം തയ്യാറാക്കിയ ചുമരിന് സമാനമായ പ്രതലത്തിലാണ്.
പാരമ്പര്യ ചുമർചിത്ര സമ്പ്രദായത്തിൽ പഞ്ചവർണ്ണ സിദ്ധാന്തപ്രകാരം പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ച് വരച്ചവയാണ്. പ്രകൃതിദത്ത നിറങ്ങൾ ചുമർചിത്രത്തിന് ശോഭ പകരുന്നു. താഴെ ശ്രീഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിന് ഭക്തി നിറവേകുന്നു.

