ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) നേതാവ് മായാവതി. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബിഎസ്പിക്ക് കാര്യമായ പ്രയോജനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു മായാവതി വ്യക്തമാക്കിയിരിക്കുന്നത്. ലഖ്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മായാവതിയുടെ പരാമർശം.
സഖ്യങ്ങളുമായി ചേർന്ന് മത്സരിച്ചിട്ടുള്ളപ്പോഴെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ബി.എസ്.പിക്ക് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ എല്ലാ പാർട്ടികളും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദളിത്, ആദിവാസി, മുസ്ലിം അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സഹായത്തോടെ 2007-ൽ ബി.എസ്.പി. സംസ്ഥാനത്തെ അധികാരം പിടിച്ചിരുന്നുവെന്നും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും മായാവതി അറിയിച്ചു.
വർഗ്ഗീയതയിലും ജാതീയതയിലും വിശ്വസിക്കുന്നവരുടെ അടുത്തു നിന്നും സുരക്ഷിതമായ അകലം പാലിക്കും. വിജയിക്കുന്നതിനായി പാർട്ടിയിൽ വിശ്വസിക്കുന്ന ജനങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കും. താൻ പാർട്ടിയിൽ നിന്നും വിരമിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. ആകാശിനെ പിൻഗാമിയായി പ്രഖ്യാപിച്ചത് ശരിയാണെങ്കിലും അതിന് താൻ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു എന്ന് അർത്ഥമില്ല. കൂടുതൽ ആർജവത്തോടെതന്നെ താൻ പാർട്ടിയിൽ തുടരും. പാർട്ടിയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.

