ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽ നിന്ന് പിൻവലിക്കണം എന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വർഷങ്ങളായ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി മാലദ്വീപ് രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 15 നു മുൻപ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദീപ് മന്ത്രി നടത്തിയ അപകീർത്തി പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി മാലദ്വീപ് അഭ്യർത്ഥിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാലദ്വീപ് മുൻ ഗവൺമെന്റുകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തുടർന്നു വന്നത്. സമുദ്ര സുരക്ഷയ്ക്കും ദുരന്തനിവാരണ സഹായത്തിനും വേണ്ടിയായിരുന്നു മാലദ്വീപ് ഇന്ത്യൻ സൈനിക സഹായം തേടിയിരുന്നത്.
മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാലദ്വീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

